സ്വാതി മലിവാളിനെ മർദിച്ച കേസ്: അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തു

Update: 2024-05-18 07:33 GMT

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ. കേജ്രിവാളിന്റെ വീട്ടിൽനിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബിഭവ് ഒളിവിലായിരുന്നു.

അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു. ഇടത്തേ കാലിനും, കണ്ണിന് താഴെയും, കവിളിലും പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഡൽഹി എയിംസിലാണ് സ്വാതി മലിവാൾ വൈദ്യ പരിശോധനക്ക് വിധേയയായത്.

അരവിന്ദ് കെജ്രിവാളിൻറെ വസതിയിൽ വെച്ച് കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നടപടി. ബിഭവ് കുമാർ തൻറെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻറെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാൾ എംപിയുടെ പരാതി. പൊലീസിന് സംഭവത്തിൽ എംപി മൊഴിയും നൽകി. സ്വാതിയെ കെജ്രിവാളിൻറെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. പിന്നാലെയാണ് വൈദ്യ പരിശോധനാ ഫലവും പുറത്തുവന്നത്.

ആം ആദ്മി പാർട്ടി ബിഭവിൻറെ ഭീഷണിയിലാണെന്ന് സ്വാതി ആരോപിച്ചു. ബിഭവ് അറസ്റ്റിലായാൽ കെജ്രിവാളിൻറെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിയുണ്ടെന്നും സ്വാതി പറയുന്നു. അതിനിടെ കെജ്രിവാളിൻറെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാർ രംഗത്ത് വന്നിരുന്നു.

Tags:    

Similar News