ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും കോടതിവിധിയെത്തുടര്‍ന്ന് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെണ് സംഘര്‍ഷമുണ്ടായത്.
സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടാൽ വെടിവെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാർ ഭൂമി കൈയേറി നിർമിച്ചതെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ മദ്റസ കെട്ടിടം തകർത്തതിനെ തുടർന്നാണ് ഹൽദ്വാനിയിൽ സംഘർഷമുണ്ടായത്. ഏതാനും ദിവസങ്ങളായി കോർപറേഷന്റെ നേതൃത്വത്തിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടക്കുന്നുണ്ട്.
അതിനിടെ, സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 'സാമൂഹ്യ വിരുദ്ധ ശക്തികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. ക്രമസമാധാന നില വഷളാകാന്‍ ഇടയാക്കിയത് അതാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.