വാർത്തകൾ ചുരുക്കത്തിൽ

Update: 2022-11-05 11:48 GMT

തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിക്കുന്ന മേയറുടെ കത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. നടപടിക്കെതിരെ രൂക്ഷ വിമ‍ര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മേയ‍ര്‍ കത്തെഴുതിയത് തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നും മേയര്‍ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിമാരാണ് പൊലീസിനെയടക്കം നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

...........

തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നതായും പരാതിയില്‍ ആരോപിക്കുന്നു.

..............

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്. കോര്‍പറേഷന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലാണ് കത്തയച്ചത്.

എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് ലിസ്റ്റ് ചോദിച്ച് കത്തയച്ചത്.

...............

ഭക്ഷ്യ ഉത്പന്നങ്ങജുടെ വില വർദ്ധന രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായി പിടിച്ചുനിർത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. കേന്ദ്രസർക്കാരാണ് പുഴുക്കലരിയുടെ വില വർധിക്കാൻ കാരണം. സംസ്ഥാനത്ത് ആവശ്യത്തിന് പുഴുക്കലരി കേന്ദ്രം ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

............

സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലിസ് കുത്തിതുറന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപിയോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വാടകയ്ക്ക് നല്‍കിയിരിക്കുന്ന വടുതലയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍

.................

ഓപ്പറേഷന്‍ താമര വിവാദത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ആരോപണങ്ങൾ തള്ളി ബിഡിജെഎസ് നേതാവ് തുഷാ‍ര്‍ വെള്ളാപ്പള്ളി. ടിആർഎസിന്‍റെ ട്രാപ്പാണ് നടന്നതെന്ന് തുഷാര്‍ ആരോപിച്ചു. ഏജന്‍റുമാര്‍ തന്നെ ഇങ്ങോട്ട് ഫോണിൽ വിളിക്കുകയായിരുന്നു. മീറ്റിങ്ങിൽ കാണാമെന്ന് താൻ മറുപടിയും നൽകി. ഏജന്‍റുമാര്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും മാനനഷ്ട കേസ് കൊടുക്കുന്നത് ആലോചിക്കുമെന്നും തുഷാർ പറഞ്ഞു.

..........

കോയമ്പത്തൂർ ചാവേർ സ്ഫോ‌ടനക്കേസിലെ പ്രതി‌യുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ പെൻഡ്രൈവ് പിടിച്ചെടുത്തു. ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നാണ് പെൻഡ്രൈവ് കണ്ടെടുത്തത്. ഐഎസിനെ വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കഴിഞ്ഞ നാല് വർഷത്തെ നീക്കങ്ങളും ഇയാൾ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

.............

ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി ദല്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പാർട്ടി പിന്മാറിയാൽ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. ഇത് ബി.ജെ.പിയുടെ ഭയമാണ് കാണിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അവകാശപ്പെട്ടു. എൻ.ഡി.ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

...........

ദുബായ് ഷെയ്ഖ് സായിദ് റോഡ് നാളെ 9 മണി മുതൽ നാല് മണി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ച് സൈക്ലിംഗ് ട്രാക്ക് ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് റോഡ് അടച്ചിടുന്നത്. ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായ മറ്റു റോഡുകൾ പ്രദേശവാസികൾ ഉപയോഗപ്പെടുത്തണമെന്നും ആർ ടി എ അഭ്യർത്ഥിച്ചു.

.................

ഖത്തർ ലോകകപ്പിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഖത്തർ വിദേശ കാര്യ മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. ചില രാജ്യങ്ങൾ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ മുഴുവൻ തങ്ങൾ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ കുറച്ച് രാജ്യങ്ങൾ മാത്രമാണ് വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ലോകത്തെ എല്ലാ കായിക മത്സരങ്ങൾക്കും വേദിയാവാൻ ഖത്തർ തയ്യാറാണെന്നും ആ ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണ് ലോക കപ്പെന്നും ഖത്തർ വിദേശ കാര്യ മന്ത്രി പറഞ്ഞു. 

Similar News