ബിനോയ് പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി; പുതിയ വീട് നിർമിച്ചു നൽകുമെന്ന് സുരേഷ് ഗോപി

Update: 2024-06-14 15:48 GMT

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് വീടുവച്ചു നൽകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്. 

സ്വന്തമായി വീടെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് ഒരാഴ്ച മുൻപ് ബിനോയ് കുവൈത്തിലേക്കു പോയത്. ഏറെക്കാലമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താൽക്കാലിക ഷെഡ് നിർമിച്ച് അങ്ങോട്ടേക്കു മാറിയത്. വിമാനത്താവളത്തില്‍നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുൻപേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.

Tags:    

Similar News