ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസ്; മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്‌ഐആർ
ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്‌ഐആർ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് എഫ്‌ഐആർ. 21 പ്രതികളിൽ 16ാം പ്രതിയാണ് മാത്യു കുഴൽനാടൻ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് ഇന്നലെ വൈകീട്ടോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി.
ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്‌ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടൻറെ ചിന്നക്കനാലിലെ ഭൂമി ഇടപാട് സംബന്ധിച്ച വാർത്തകൾ വരുന്നത്. 2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ ഇരുപത്തിമൂന്ന് സെൻറ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടൻറെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.