വാഗമൺ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ ചില്ലുപാലം റെഡി. വിനോദസഞ്ചാരികൾക്കായി ഇന്ന് ചില്ലുപാലം തുറന്നുകൊടുക്കും. മൂന്ന് കോടി രൂപ ചെലവിട്ട് ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചില്ലുപാലം നിർമിച്ചിരിക്കുന്നത്.
ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ നിൽക്കാൻ അനുവദിക്കും. പ്രായഭേദമന്യേ 500 രൂപയാണ് ഫീസ്. തിരക്കു നിയന്ത്രിക്കുന്നതിനു നിയന്ത്രണമുണ്ടാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ, ജൈൻറ് സ്വിങ്, സിപ് ലൈൻ തുടങ്ങിയവയും പാർക്കിൽ ഉണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് വാഗമണിൽ അവസരം ഒരുക്കുന്നത്. ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേർന്നാണ് ചില്ലുപാലം നിർമിച്ചത്. 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. ജർമനിയിൽ നിന്നാണ് നിർമാണത്തിനാവശ്യമായ ഗ്ലാസ് എത്തിച്ചത്.