വീട്ടമ്മമാർക്ക് കരുതലുമായി കേരള സർക്കാർ ; 'ഈസി കിച്ചൻ' പദ്ധതിക്ക് അനുമതി

Update: 2024-12-21 10:29 GMT

രാപകലില്ലാതെ അടുക്കളച്ചൂടിൽ ഉരുകിത്തീരുന്ന വീട്ടമ്മമാർക്ക്‌ കരുതലേകി സംസ്ഥാന സർക്കാർ. സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവുമായ അടുക്കളകൾ നവീകരിച്ച്‌ സ്‌ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ‘ഈസി കിച്ചൺ’ പദ്ധതിക്ക്‌ അനുമതി നൽകി. നഗരസഭകൾക്കും ഗ്രാമ പഞ്ചായത്തുകൾക്കും 75,000 രൂപവരെ ഒരു അടുക്കള നവീകരണത്തിന്‌ ചെലവഴിക്കാം. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയാണ്‌ പദ്ധതിക്ക്‌ അനുമതി നൽകിയത്‌. വികസനം കൂടുതൽ സ്‌ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.

അടുക്കളയുടെ തറപൊളിച്ച്‌ സിറാമിക്‌ ടൈൽപാകൽ, ഗ്രാനൈറ്റ്‌ കൊണ്ടുള്ള കിച്ചൺ സ്ലാബ് സജ്ജീകരിക്കൽ, എംഡിഎഫ്‌ കിച്ചൺ കബോർഡ്, മികച്ച സിങ്ക്‌, 200 ലിറ്റർ വാട്ടർ ടാങ്ക്‌, പ്ലംബിങ്‌ ഇനങ്ങൾ, പെയിന്റിങ്‌, സോക്ക്പിറ്റ് നിർമാണം എന്നീ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്താം. 6000 രൂപ ഇലക്‌ട്രിക്കൽ പ്രവൃത്തികൾക്കും ഉപയോഗിക്കാം.

സർക്കാരിന്റെ ഭവനപദ്ധതികളിലുള്ള വീടുകൾക്ക്‌ പദ്ധതി ഉപയോഗിക്കാൻ പാടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ വ്യക്തിഗത ഗുണഭോക്താക്കളുടെ മുൻഗണനാപട്ടിക രൂപീകരിച്ച്‌, മറ്റ്‌ ആനുകൂല്യങ്ങൾ നൽകിവരുന്നതുപോലെയാണ്‌ ഇതും നടപ്പാക്കുക. ഒരു തദ്ദേശ സ്ഥാപനത്തിന്‌ ഒരു വർഷം നടപ്പാക്കാൻ കഴിയുന്നത്‌ എത്ര അടുക്കളയാണോ അതിനാവശ്യമായ തുക, ഫണ്ടിന്റെ ലഭ്യതയനുസരിച്ച്‌ മാറ്റിവയ്ക്കാം.

വഴിയോരങ്ങളിലും മറ്റും അന്തിയുറങ്ങുന്നവർക്ക്‌ ഷെൽറ്റർ നിർമിക്കാനും സ്‌ത്രീകൾക്ക്‌ നൽകിവരുന്ന സ്വയംതൊഴിൽ ഗ്രൂപ്പിനുള്ള ധനസഹായം ട്രാൻസ്‌ജെൻഡറുകൾക്കു കൂടി ബാധകമാക്കാനും യോഗം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകി

Tags:    

Similar News