കേരളത്തിലെ യുവതയോടുള്ള ചതി; 1.8 ലക്ഷം പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Update: 2024-10-26 08:43 GMT

കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തിനിടെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തില്‍പരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തൊഴിലില്ലാതെ അലയുമ്പോളാണ് സംസ്ഥാനസര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഇത്രയും സ്വന്തക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും നിയമനം നല്‍കിയിരിക്കുന്നത്. ഇത് കേരളത്തിലെ യുവജനങ്ങളോടുള്ള ചതിയാണ്.

കേരളത്തില്‍ വര്‍ഷം 33000 ഒഴിവുകളാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്നത്. എന്നാല്‍ കണക്കു പ്രകാരം ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളു. ബാക്കി ശരാശരി 22000 ഒഴിവുകള്‍ എല്ലാ വര്‍ഷവും സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കുമായി വീതം വെച്ചു കൊടുത്തിരിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ഇത് നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞ ചട്ടലംഘനമാണ്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനം തുടങ്ങാത്ത എല്ലാ ഒഴിവുകളിലും എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമനം വേണമെന്നാണ് ചട്ടം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വന്തക്കാരെ തിരുകി കയറ്റുന്നത്. വന്‍തോതില്‍ ഒഴിവു വരുന്ന പൊതുവിദ്യാഭ്യാസം പോലുളള വകുപ്പുകളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമിക്കപ്പെട്ടത്. പ്രതിവര്‍ഷം ശരാശരി 11,000 ഒഴിവുകള്‍ വരുന്ന പൊതുവിദ്യാഭ്യാസം പോലുള്ള വകുപ്പുകളില്‍ വെറും 110 വേക്കന്‍സികളില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമനം ലഭിച്ചത്. ബാക്കി മുഴുവന്‍ പാര്‍ട്ടി ബന്ധുക്കള്‍ക്കു വീതം വെക്കുകയായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമാകുന്നു. ഇത്തരത്തില്‍ അനധികൃത നിയമനം ലഭിച്ച മുഴുവന്‍ പേരെയും ഒഴിവാക്കി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി അര്‍ഹരാവയവര്‍ക്ക് നിയമനം നല്‍കണം. ഇത്അടിയന്തിരമായി നടപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News