ഇടുക്കിയിലെ കോൺഗ്രസ്-ലീഗ് തമ്മിലടി; ഡിസിസി പ്രസിഡൻറിനൊപ്പം ഇനി വേദി പങ്കിടില്ല, വ്യക്തമാക്കി ലീഗ്

Update: 2024-08-17 05:08 GMT

ഇടുക്കിയിലെ കോൺഗ്രസ് - ലീഗ് തമ്മിലടിയിൽ പ്രശ്‌നങ്ങൾ വഷളാക്കിയ ഡിസിസി പ്രസിഡൻറിനൊപ്പം ഇനി വേദി പങ്കിടില്ലെന്ന് മുസ്ലീം ലീഗ് നിലപാട്. അതേസമയം യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കൂടുതൽ വിവാദങ്ങൾക്കില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

അനുകൂല സാഹചര്യമുണ്ടാക്കിയിട്ടും തൊടുപുഴ നഗരസഭ ഭരണം കൈവിട്ടതോടെയാണ് കോൺഗ്ര് - ലീഗ് ഭിന്നത പരസ്യ പോരിലെത്തിയത്. നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്തതോടെ, ലീഗിനകത്തും തർക്കം മുറുകി. ഏറ്റവുമൊടുവിൽ സംസ്ഥാന നേതൃത്വത്തിൻറെ നിർദ്ദേശ പ്രകാരം ജില്ല നേതൃയോഗം ചേർന്നു. യുഡിഎഫുമായി തുടർന്ന് സഹകരിക്കുമെന്ന് ആവർത്തിക്കുമ്പോഴും, ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാണ് ലീഗിൻറെ ആവശ്യം. കെപിസിസി നേതൃത്വത്തിൽ നിന്ന് ഇക്കാര്യത്തിൽ മുസ്ലീം ലീഗ് നേതാക്കൾക്ക് അനുകൂല മറുപടി കിട്ടിയെന്നാണ് വിവരം. പ്രശ്‌നം വഷളാക്കിയത് ഡിസിസി പ്രസിഡന്റിന്റെ പരസ്യ പരാമർശങ്ങളെന്നു മാത്രം പറഞ്ഞ് തമ്മിലടിയുടെ ചൂട് കുറയ്ക്കുകയാണ് ലീഗ് ജില്ലാ ഘടകം.

അഴിമതി ആരോപണത്തെ തുടർന്ന് സനീഷ് ജോർജ് രാജി വെച്ചതോടെ തുടങ്ങിയതാണ് തൊടുപുഴ നഗരസഭയിലെ അനിശ്ചിതാവസ്ഥ. ചെയർമാൻ സ്ഥാനാർഥി ആരാവണം എന്നതിനെ ചൊല്ലി അവസാന നിമിഷം വരെ യുഡിഎഫിൽ അവ്യക്തതയായിരുന്നു. തുടർന്ന് കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. ആദ്യ റൗണ്ടിൽ ലീഗ് സ്ഥാനാർത്ഥി പുറകോട്ടു പോയതോടെ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളുമുണ്ടായി. പിന്നെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.

12 പ്രതിനിധികൾ ഉള്ള യുഡിഎഫിൽ 6 കോൺഗ്രസ്, 6 മുസ്ലിം ലീഗ് എന്നായിരുന്നു സീറ്റ് നില. ഇതിൽ അഞ്ച് ലീഗ് പ്രതിനിധികളും സിപിഎമ്മിന് വോട്ട് ചെയ്തു. ഇതോടെയാണ് ഇടത് സ്ഥാനാർഥി 14 വോട്ടുകൾക്ക് വിജയിച്ചത്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നാണ് ലീഗിന്റെ ആരോപണം.

Tags:    

Similar News