സംസ്ഥാനത്ത് ഉഷ്ണതരംഗം: മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേയ് ആറ് വരെ അവധി
സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടർന്ന് ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും മേയ് ആറ് വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തേ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേയ് ആറ് വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
സ്‌കൂൾ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ 11 മണിമുതൽ മൂന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽസമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.