'കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കായി വീതിച്ചു നൽകണം': മുൻ ജീവനക്കാരന്റെ ആവശ്യം തള്ളി  സർക്കാർ

Update: 2023-09-16 05:27 GMT

രണ്ടു ഭാര്യമാർക്കായി കുടുംബപെൻഷൻ വീതിച്ചു നൽകാനാവില്ലെന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും സർവീസ് ചട്ടങ്ങൾ ബാധകമാണെന്നും സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തന്റെ മരണശേഷം കുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കും വീതിച്ചു നൽകണമെന്ന മുൻ ജീവനക്കാരന്റെ ആവശ്യം സർക്കാർ തള്ളി.

കൊളീജിയറ്റ് വകുപ്പ് മുൻ ജീവനക്കാരൻ നൽകിയ ഹർജിയിൽ കമ്മിഷൻ ആക്ടിങ് ചെയർപഴ്‌സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാരിന്റെ വിശദീകരണം. ഇതുസംബന്ധിച്ചു നേരത്തേ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയ അപേക്ഷ തള്ളിയിരുന്നു. ആദ്യഭാര്യ സർക്കാർ ജീവനക്കാരിയായതിനാൽ പെൻഷനുണ്ടെന്നും അതിനു പുറമേയാണു കുടുംബപെൻഷൻ ലഭിക്കേണ്ടതെന്നും ഹർജിയിൽ പറയുന്നു. വിരമിച്ച ജീവനക്കാർക്കു സർവീസ് ചട്ടം ബാധകമല്ലെന്നും അപേക്ഷകൻ വാദിച്ചു.

സർക്കാർ ജീവനക്കാരൻ, ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോൾ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ലെന്നു സർക്കാർ വ്യക്തമാക്കി. നിയമപരമായി വിവാഹം കഴിച്ചവർക്കു മാത്രമേ കുടുംബ പെൻഷന് അർഹതയുള്ളൂ. സർവീസിൽ നിന്നു വിരമിച്ചവർക്കു പെൻഷന് ആരെയും നിർദേശിക്കാമെന്ന വാദം നിലനിൽക്കില്ലെന്നും സർക്കാർ കമ്മിഷനെ അറിയിച്ചു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചു കമ്മിഷൻ ഹർജി തള്ളി.

Tags:    

Similar News