തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു; 3 കടകളും ബൈക്കുകളും കത്തിനശിച്ചു

Update: 2023-11-12 02:52 GMT

തിരുവനന്തപുരം കരമന തമലത്ത് ദീപാവലിക്കുവേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീപിടിച്ച് 3 കടകൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ ചന്ദ്രിക സ്റ്റോർ എന്ന കടയിലാണ് തീപിടിച്ചത്. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശിച്ചു. ആർക്കും കാര്യമായ പരിക്കില്ല.

പടക്കക്കടയ്ക്ക് പുറമെ, ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്. മൂന്നു കടയും തമലം സ്വദേശി രാധാകൃഷ്ണൻ നായരുടേതാണ്. ഈ കടകളിൽ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം രൂപയോളം വരും.

ദീപാവലിയുടെ തലേന്നായതിനാൽ കടയിൽ നല്ല തിരക്കായിരുന്നു. പടക്കം വാങ്ങിയവർ കടയ്ക്ക് കുറച്ചുമാറിനിന്ന് അത് പൊട്ടിക്കുന്നുമുണ്ടായിരുന്നു. ഇവിടെനിന്ന് ഒരു തീപ്പൊരി കടയിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഈ സമയത്ത് രാധാകൃഷ്ണൻ നായരടക്കം അഞ്ചുപേർ കടയിലുണ്ടായിരുന്നു. ഇതിൽ മൂന്നുപേർ സ്ത്രീകളായിരുന്നു. പുറകുവശത്തും വാതിലുള്ള കടയായതിനാൽ, തീ പിടിച്ചുതുടങ്ങിയപ്പോൾത്തന്നെ എല്ലാവർക്കും ഈ വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടാനായി.

Tags:    

Similar News