കടയിലേക്ക് ആകർഷിക്കാൻ മോശം വാക്കുകളും ദ്വയാർത്ഥ പ്രയോഗവും; മിഠായിത്തെരുവിലെ കച്ചവടക്കാർക്കെതിരെ സ്ത്രീകളുടെ പരാതി

Update: 2024-06-28 07:26 GMT

കോഴിക്കോട് മിഠായിത്തെരുവിലെ ഒരു വിഭാഗം കച്ചവടക്കാർക്കെതിരെ പരാതികൾ വ്യാപകമായതോടെ നടപടിക്കൊരുങ്ങി പൊലീസ്. എസ്എം സ്ട്രീറ്റിൽ സാധനങ്ങൾ വാങ്ങാനായി എത്തുന്നവരെ കടയിലേക്ക് ആകർഷിക്കാനായി തടഞ്ഞ് നിർത്തുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പരാതിയുയർന്നിരുന്നു. പലപ്പോഴും ദ്വയാർത്ഥം വരുന്ന പദങ്ങൾ പോലും കച്ചവടക്കാർ ഉപയോഗിക്കുന്നുവെന്നാണ് പരാതി.

കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. മുന്നോട്ടുപോകാൻ വിടാതെ, തടഞ്ഞുനിർത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവർ നിൽക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവർ ചൂണ്ടിക്കാട്ടി. കടകളിൽനിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ മിഠായിത്തെരുവിലെ വ്യാപാരികൾ തീരുമാനിച്ചിരുന്നു. നല്ല രീതിയിലായിരിക്കണം കച്ചവടമെന്നും ചീത്തപ്പേരുണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീർ പറഞ്ഞു. സംഭവത്തിൽ പരാതികൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ കർശനമായ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇനിയും മോശം വാക്കുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുകയോ പരാതി ലഭിക്കുകയോ ചെയ്താൽ കർശനമായി നിയമനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

Tags:    

Similar News