സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ; കേരളത്തെ അതിദാരിദ്രത്തിൽ നിന്ന് മുക്തമാക്കാൻ നടപടി പുരോഗമിക്കുന്നു

Update: 2023-09-27 14:45 GMT

2025 നവംബര്‍ ഒന്നിനു മുന്‍പ് കേരളത്തെ അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2023, 2024 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരിക്കുന്ന എണ്ണം കൈവരിക്കുന്നതോടെ അതിദരിദ്രരായ 93 ശതമാനം പേരെയും അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കാന്‍ കഴിയും. തിരുവനന്തപുരത്ത് 7278 ഉം കൊല്ലത്ത് 4461 ഉം പത്തനംതിട്ടയില്‍ 2579ഉം കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളവ അതിവേഗത്തില്‍പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള 'മനസ്സോടിത്തിരി മണ്ണ്' ക്യാംപെയിന്‍ തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് സി ഡബ്ല്യു പി ആര്‍എസിന്‍റെ പഠന റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനും തുറമുഖത്തെ ഡ്രഡ്ജിങ് വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. പുലിമുട്ടിന്‍റെ തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കു ഭാഗത്തേക്ക് സാന്‍ഡ് ബൈപാസിങ് വഴി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.

കോവളം ബേക്കല്‍ ജലപാതയുടെ ജില്ലയിലെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിച്ച് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കും. മലയോര ഹൈവേ പദ്ധതി അഞ്ചു റീച്ചുകളായി തിരുവനന്തപുരം ജില്ലയില്‍ നിര്‍മാണം പുരോഗിക്കുകയാണ്. തീരദേശ ഹൈവേയുടെ 74.2 കിലോമീറ്ററാണു ജില്ലയില്‍ വരുന്നത്. ഇതില്‍ ഒന്നാം പാലം മുതല്‍ പള്ളിത്തുറ വരെയുള്ള 21.53 കിലോമീറ്ററില്‍ ഫോര്‍വണ്‍ 4(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തി. ബാക്കിയുള്ള 51.98 കിലോമീറ്ററില്‍ കല്ലിടല്‍ /ജിയോടാഗിങ് പൂര്‍ത്തിയായി.

ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ 24 സ്ഥാപനങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. 11 സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ഒരെണ്ണം ബ്ലോക്ക് ലെവല്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഒ.പി പരിവര്‍ത്തനത്തിനായി തിരഞ്ഞെടുത്ത അഞ്ച് മേജര്‍ ആശുപത്രികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി.

പത്തനംതിട്ട ജില്ലയില്‍ പൊതു വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായി. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങളില്‍ ആറെണ്ണവും ഒരു കോടി രൂപ ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടവും പൂര്‍ത്തിയാക്കി. നിര്‍മാണം പൂര്‍ത്തിയാകാനുള്ളവ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

കൊല്ലം ജില്ലയില്‍ ഒരു കോടി ചെലവഴിച്ച സ്കൂള്‍ കെട്ടിട പദ്ധതിയില്‍ കുണ്ടറ കെജിവി യുപിസ്കൂളിന് സ്ഥലം ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അവലോകന യോഗം നിര്‍ദ്ദേശിച്ചു. ഇത്തരം അവലോകനവും അതിന്‍റെ ഭാഗമായുള്ള നടപടികളും ഒരു തുടര്‍ പ്രക്രിയയായി മാറ്റും.

Tags:    

Similar News