ഇത് വല്ലതും ചെയ്തിട്ടാണോ ഈ അവകാശവാദം? നിർമ്മല സീതാരാമന് ശക്തമായ മറുപടിയുമായി പിണറായി

Update: 2023-11-27 10:34 GMT

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരമാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ഏതാനും ചില കാര്യങ്ങള്‍ക്ക് മാത്രമാണ് കേന്ദ്ര സർക്കാറിന്റെ സഹായം ലഭിക്കുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇത് കേന്ദ്രത്തിന്റെ കേരളത്തോടുള്ള ഔദാര്യമല്ല, കേരളത്തിന് കിട്ടേണ്ട വിഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടത്തിന്റെ പകുതി പോലും പരഹിരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. രാജ്യത്ത് എല്ലായിടത്തും സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന വിഹിതം കുറഞ്ഞ് വരികയാണ്. കേരളത്തിനാണ് ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വന്നത്. സംസ്ഥാന വിഹിതത്തിനുള്ള 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഈ വിഷയങ്ങളിലൊന്നും കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം പൂര്‍ണമായി നല്‍കിയെന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിവിധ വായ്പാ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിച്ച വായ്പാ വ്യാപന മേളയിൽ 6014.92 കോടി രൂപയുടെ ധനസഹായം ആറ്റിങ്ങലിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതി, യു ജി സി ശമ്പള പരിഷ്‌ക്കരണം, അടിസ്ഥാന സൗകര്യ വികസനത്തിനായുളള മൂലധന നിക്ഷേപ സഹായം, ആരോഗ്യ ഗ്രാന്റ്, ദേശീയ ഭക്ഷ്യ സുരക്ഷ, ജി എസ് ടി നഷ്ടപരിഹാരം തുടങ്ങിയ മേഖലകളിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം പൂര്‍ണമായും കേന്ദ്രം കൈമാറിയെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേന്ദ്ര ധനകാര്യ കമ്മിഷന്‍ വഴി കേരളത്തിന് മാത്രമായി 78000 കോടിയിലേറെ രൂപയാണ് അനുവദിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടപടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് അഴിമതിരഹിതമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങള്‍ക്ക് സമയബന്ധിതമായി കേന്ദ്ര സഹായം നേരിട്ട് ലഭിക്കുന്നുണ്ടെന്നും സീതാരാമൻ പറഞ്ഞു. ദേശീയ വ്യാപകമായി കഴിഞ്ഞ അഞ്ചു തവണകളായി സംഘടിപ്പിച്ച വായ്പാ വ്യാപന മേളയില്‍ ഏറ്റവുമധികം തുക വിതരണം ചെയ്ത മേളയാണ് തിരുവനന്തപുരത്ത് നടന്നതെന്ന് ചടങ്ങില്‍ വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ പറഞ്ഞു. ചെറുകിട വായ്പയായി തിരുവനന്തപുരത്ത് മാത്രം 995 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയുടെ ഉണര്‍വിനും ഉത്തേജനത്തിനും വായ്പാ വ്യാപന മേള സഹായകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Tags:    

Similar News