യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ വോട്ടർ ഐഡി വിവാദം; രാഹുൽ മാങ്കൂട്ടത്തിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്നില്ലെന്ന് കെ സുധാകരൻ

Update: 2023-11-24 07:59 GMT

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും കെ.സുധാകരൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്റിന്റെ വണ്ടിയിൽ പ്രവർത്തകർ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നായിരുന്നു പ്രതികളെ രാഹുലിന്റെ വാഹനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തതിനെ കുറിച്ച് സുധാകരന്റെ പ്രതികരണം.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമർശം തെറ്റാണെന്ന് തോന്നുന്നില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഡിസിസി പ്രസിഡന്റ് പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്. മുഖ്യമന്ത്രി ഭാഷ സമ്പന്നമായാണല്ലോ സംസാരിക്കുന്നതെന്ന് പരിഹസിച്ച സുധാകരൻ, സ്വന്തം പാർട്ടിയിലെ കെ കെ ശൈലജയെ പറഞ്ഞത് നമ്മൾ കേട്ടതാണല്ലോയെന്നും കൂട്ടിച്ചേർത്തു.

"കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി കൊലപാതകിയാണെന്നും തന്തക്ക് പിറന്നവനാണെങ്കിൽ രാജിവെച്ച് പോകണം" എന്നുമായിരുന്നു കൊച്ചിയിൽ കെ എസ് യു മാർച്ച് ഉദ്ഘാടനം ചെയ്യവേ എറണാകുളം ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ് നടത്തിയ പരാമർശം. പിണറായിക്കെതിരായ ഷിയാസിന്റെ അധിക്ഷേപ പരാർമശം ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളിയിരുന്നു. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റിനോട് പറഞ്ഞുവെന്നായിരുന്നു സതീശൻ നൽകിയ മറുപടി. 

Tags:    

Similar News