പാലക്കാട് കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരുക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു.
ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.