രാഹുലിന് വിവരങ്ങൾ ചോർത്തി നൽകി; വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ

Update: 2024-05-18 07:03 GMT

ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ രാഹുലിന്  ഇയാൾ പറഞ്ഞ് കൊടുത്തു എന്നാണ് വിവരം. രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാൾ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചു. പൊലീസുകാരന്റെ കോൾ റെക്കോർഡ് ഉൾപ്പെടെ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.


പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ. എന്നാൽ, ഇയാളുടെ പേരും മറ്റ് വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാൾ രാഹുലുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. പരാതി വിവാദമായ ഉടൻ രാഹുലിനോട് നാടുവിടാൻ ഇയാൾ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ കമ്മീഷണർ മെമ്മോ നൽകിയിരുന്നു. ഇതേ കേസിൽ പരാതിക്കാരിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്എച്ച്ഒയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

Tags:    

Similar News