"ചോദിച്ചത് പിതൃസ്വത്തല്ല,ബിൽ ഒപ്പിട്ട് തന്നാൽ മതി"; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എംഎം മണി എംഎൽഎ
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ കുടിലുകെട്ടി സമരം നടത്തുമെന്ന് എം.എം മണി എം.എൽ.എ. ഗവർണറുടെ പിതൃസ്വത്തൊന്നുമല്ല ചോദിച്ചത്. ബിൽ ഒപ്പിട്ടുതന്നാൽ മതി. ഇടുക്കിയിലെ പതിനൊന്നേകാൽ ലക്ഷം ജനങ്ങളെ കൊണ്ടു വന്ന് രാജ്ഭവൻ വളയും. അത് ചെയ്യിപ്പിക്കരുതെന്നും എം.എം മണി മുന്നറിയിപ്പ് നൽകി. ഇടത് കർഷക സംഘടനകൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഗവർണർ വെറുതെ വള്ളിക്കെട്ട് പിടിക്കരുത്. കാർന്നോമാരുടെ സ്വത്തൊന്നും എഴുതിത്തരേണ്ട. ബില്ല് ഒപ്പിട്ടാൽ മതി. ഒരു നടക്ക് പോകുന്ന പണിയല്ല ഗവർണർ കാണിക്കുന്നത്. ഈ കളി എവിടെവരെ പോകുമെന്ന് നോക്കാം"എം.എം മണി പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.