വയനാട് പുനരധിവാസ പാക്കേജ് വൈകാൻ കാരണം സംസ്ഥാന സർക്കാർ ; വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
വയനാട് പുനരധിവാസ പാക്കേജ് വൈകാൻ കാരണം സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈക്കോടതി സർക്കാരിനെ കണക്കറ്റ് വിമർശിച്ചിട്ടുണ്ട്. വരവ് ചെലവ് കണക്ക് പോലും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ ഹർത്താൽ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം. ഈ പ്രശ്നത്തിൽ വസ്തുത മനസിലാക്കാതെയോ മനസിലാക്കിയിട്ട് മോദി സർക്കാരിനെ കുറ്റം പറയാൻ ഉദ്ദേശിച്ചോ ആണ് സംസ്ഥാന ഗവൺമെന്റിനോടൊപ്പം സിപിഐഎമ്മിനൊപ്പം കോൺഗ്രസ് ചേർന്ന് നിന്നത്.
സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിൽ വന്ന പണം എന്തുകൊണ്ട് ചെലവഴിക്കുന്നില്ലെന്നും എന്തുകൊണ്ട് അന്തിമ മെമ്മോറാണ്ടം നൽകാൻ കാലതാമസം ഉണ്ടായി എന്നും സുരേന്ദ്രൻ ചോദിച്ചു. എന്തായിരുന്നു മന്ത്രിസഭ ഉപസമിതി ഇത്രയും കാലം ചെയ്തത്? ഈ ചോദ്യത്തിന് വയനാട്ടിലെ ജനങ്ങളോട് മാത്രമല്ല, കേരളത്തിലെ ജനങ്ങളോടും സർക്കാർ ഉത്തരം പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.