'വേണ്ടത് ജനങ്ങളുടെ അവാർഡ്, അതിൽ മേയർ തികഞ്ഞ പരാജയം'; സിപിഎം ജില്ലാ സമ്മേളനത്തിൽ ആര്യാ രാജേന്ദ്രനെതിരെ വിമർശനം
മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. മേയർക്കു ധിക്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയിട്ടു കാര്യമില്ല. ജനങ്ങളുടെ അവാർഡാണു വേണ്ടത്. അതിൽ മേയർ തികഞ്ഞ പരാജയമെന്നും വിമർശനമുണ്ടായി. മേയറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അവർ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലും വിമർശനമുണ്ടായി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലുമില്ല. രാത്രി കാലങ്ങളിൽ ഡോക്ടർമാരുമില്ല. പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ലെന്നും പരാതി ഉയർന്നു. പാർട്ടിക്കാരാണെന്ന് പറഞ്ഞാൽ അവഗണനയാണ്. എന്നാൽ ബിജെപിക്കാർക്കും എസ്ഡിപിഐക്കാർക്കും നല്ല പരിഗണന കിട്ടുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമെന്നായിരുന്നു വിമർശനം. വിദ്യാഭ്യാസ വകുപ്പിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രി ഉണ്ടായിട്ടു പോലും ഒന്നും ചെയ്യാനാവുന്നില്ല.
പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി രംഗത്തെത്തി. പൊലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ പ്രതിനിധി പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം എന്താണെന്ന് അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്ന് പ്രതിനിധി പറഞ്ഞു. ബിജെപിയിൽ ചേർന്ന കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി വിഷയത്തിൽ സംസ്ഥാന- ജില്ലാ നേതൃത്വത്തിനു നേരെ വിമർശനമുണ്ടായി. മധു കഴക്കൂട്ടം വഴി പോയപ്പോൾ വെറുതെ കസേരയിൽ കയറി ഇരുന്നതല്ലെന്നു ഒരു പ്രതിനിധി പറഞ്ഞു. ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തിൽനിന്നു നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും പ്രതിനിധികൾ പറഞ്ഞു.