വയനാടിനായി എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി; മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണമെന്ന് നിർദേശം

Update: 2024-10-10 08:57 GMT

വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിൻറെ പരാമർശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചു. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂർത്താക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചെന്ന് എ.ജി അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം തകരുന്ന സാഹചര്യമുണ്ടാക്കി. എന്നാൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

വയനാട്ടിലെ പുനരധിവാസത്തിനായി 2 സ്ഥലങ്ങൾ തിരഞ്ഞെടുത്തതു സംബന്ധിച്ചുള്ള വിശദാംശങ്ങളും സർക്കാർ കോടതിയെ അറിയിച്ചു. ഇവിടെ പ്രഖ്യാപിച്ച സഹായങ്ങൾ ലഭിക്കാത്തതു സംബന്ധിച്ച പരാതികൾ ഭൂരിഭാഗവും പരിഹരിച്ചു എന്നും സർക്കാർ വ്യക്തമാക്കി. അർഹരല്ലാത്തവരുടെ പരാതികളാണ് തള്ളിയതെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യം അവരെ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News