വയനാട് ദുരന്തം; ഇതുവരെ മരിച്ചത് 199 പേര്‍, കണ്ടെത്താനുള്ളത് 225 പേരെ

Update: 2024-07-31 10:29 GMT

വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 199 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിൻ്റെ നേതൃത്വത്തിലാണ് ഏകോപനം. ഇന്നലെയും ഇന്നുമായി 158 പോസ്റ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ മൃതശരീരങ്ങൾ ലഭിക്കുന്നുണ്ട്. എത്രയും വേഗം നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കും. കാലതാമസമില്ലാതെ ശരീരങ്ങൾ വിട്ടുനൽകും. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ കഴിയില്ല. ടെക്നിക്കലായി മാത്രമേ നടത്തുന്നുള്ളൂ. ഇരകളുടെ കുടുംബങ്ങൾക്ക് പിന്നീട് ആവശ്യമായി വന്നേക്കും. അവശ്യഘട്ടത്തിൽ കൂടുതൽ സജീകരണങ്ങൾ ഒരുക്കും. മൃതദേഹം തിരിച്ചറിയാൻ പഞ്ചായത്തിൻ്റെ കൂടി സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

അട്ടമല മാനേജരുടെ ബംഗ്ലാവിന് താഴെവശത്ത് നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഇല്ലാതെ ഇവരെ പുറത്തെത്തിക്കാൻ കഴിയില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. അതേസമയം പുഞ്ചിരിമട്ടത്ത് 50 ലധികം വീടുകൾ മണ്ണിനടിയിലെന്ന് മുൻ എംഎൽഎ സി കെ ശശീന്ദ്രൻ പറഞ്ഞു. എത്രപേർ അകപ്പെട്ടു എന്നതിൽ കൃത്യമായ കണക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായുള്ള ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം നാളെയെ പൂര്‍ത്തിയാകൂവെന്ന് ചീഫ് സെക്രട്ടറി വി വേണു പറഞ്ഞു. നിർമ്മാണം രാത്രിയും തുടരും. മുണ്ടക്കൈ ഭാഗത്ത്‌ വെള്ളം ഉയരുന്നതായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആർമി വ്യക്തമാക്കി. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർ ഒഴികെ മറ്റെല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ആർമി ആവശ്യപ്പെട്ടു. മുണ്ടക്കൈ പൂർണമായും തകർന്നു എന്നാണ് മുഖ്യമന്ത്രി വിളിച്ചു ചേ‌‍‍ർത്ത അവലോകന യോഗത്തിൻ്റെ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടത്തെണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും യോ​ഗം വിലയിരുത്തി. വെള്ളവും ഭക്ഷണവും കൂടുതലായി സ്ഥലത്ത് എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈയ്യിൽ റോഡ് സംവിധാനം താറുമാറായതിനാൽ യന്ത്രസാമഗ്രികൾ എത്തിക്കാനാകുന്നില്ല. താൽക്കാലിക പാലത്തിന് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ്. റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം ഹിറ്റാച്ചി പോലുള്ള വാഹനങ്ങൾ എത്തിക്കുമെന്നും യോ​ഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും.

വയനാട്ടിൽ ഭക്ഷ്യധാന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. പെട്രോൾ പമ്പുകളിൽ ഇന്ധനം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മണ്ണെണ്ണ നാളെ മുതൽ വിതരണം ചെയ്യും. ദുരന്തമേഖലയിലെ രണ്ട് റേഷൻ കടകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. റേഷൻ ധാന്യങ്ങൾ വാങ്ങാത്ത ഉപഭോക്താക്കൾക്ക് ഇന്ന് മറ്റൊരു റേഷൻകട വഴി വിതരണം ചെയ്യും. ക്യാമ്പുകളിൽ സപ്ലൈകോ ആവശ്യമായ ഉൽപ്പന്നങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി സന്നദ്ധ പ്രവർത്തകർ അണിനിരന്നു. രാജ്യം കണ്ട മഹാദുരന്തങ്ങളിൽ ഒന്നാണിത്, ഈ ഒത്തൊരുമ തുടർന്നും ഉണ്ടാകണമെന്നും ഗോവ ഗവർണർ പി ശ്രീധരന്‍ പിള്ള പറഞ്ഞു.

Tags:    

Similar News