വയനാട് രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചു; അജിത് കുമാറിനെതിരെ സിപിഐ

Update: 2024-09-03 11:35 GMT

എഡിജിപി എംആർ അജിത് കുമാറിനെതിരെ രൂക്ഷവിമർശനവുമായി വയനാട് സിപിഐ ജില്ലാ സെക്രട്ടറി. വയനാട് ഉരുൾ പൊട്ടൽ രക്ഷാപ്രവർത്തനം സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചുവെന്നും എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സ്രെക്രട്ടറി ഇജെ ബാബു പറഞ്ഞു.

'വയനാട്ടിലെ ദുരന്തമുണ്ടായപ്പോൾ നാലുമന്ത്രിമാർ സ്ഥലത്തെത്തി പ്രതിപക്ഷ എംഎൽഎമാർക്കുപോലും ആക്ഷേപമില്ലാത്ത വിധത്തിലായിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചത്. റവന്യൂമന്ത്രി കെ രാജൻ അവിടെ നിന്ന് ഒരു ദിവസം മാറിയപ്പോഴാണ് സന്നദ്ധ പ്രവർത്തകർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ എഡിജിപി പ്രവർത്തിച്ചത്. സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തകർക്ക് ഉൾപ്പടെ നൽകുന്ന ഭക്ഷണവിതരണം നിർത്താൻ ആവശ്യപ്പെട്ടു. ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. പിറ്റദിവസം ഇക്കാര്യം റവന്യൂമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഭക്ഷണവിതരണം പഴയപോലെയായത്' ഇജെ ബാബു പറഞ്ഞു.

ഉരുൾപൊട്ടൽ മേഖലയിൽ സന്നദ്ധ സംഘടനകൾ നൽകുന്നതുൾപ്പെടയുള്ള വിവാദത്തിന് പിന്നിൽ എഡിജിപിയാണെന്നാണ് സിപിഐ പറയുന്നത്. വയനാട്ടിൽ നിന്ന് റവന്യൂമന്ത്രി തൃശൂരിലേക്ക് പോയ സമയത്തായിരുന്നു അജിത് കുമാറിന്റെ ഇടപെടൽ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി പറയുന്നു. സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്യുന്ന ഭക്ഷണം നിർത്തുന്ന കാര്യത്തിൽ സർക്കാരോ, മന്ത്രിമാരോ തീരുമാനമെടുത്തുന്നിരുന്നില്ല. പൊടുന്നനെ എഡിജിപി തീരുമാനമെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അത് നടപ്പിലാക്കി. അത് പിന്നീട് വലിയ വിവാദത്തിന് കാരണമായെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Tags:    

Similar News