'ഓപ്പറേഷൻ ഓവർലോഡ്' പരിപാടിയുമായി വിജിലൻസ്; പരിശോധ സംസ്ഥാന വ്യാപകമാക്കാൻ തീരുമാനം

Update: 2024-03-07 15:03 GMT

അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്. മിന്നല്‍ പരിശോധനയിലൂടെയായിരിക്കും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ക്രമക്കേടുകൾ കണ്ടെത്തിയ 17 വാഹനങ്ങളിൽനിന്നായി ഏഴുലക്ഷംരൂപ പിഴയീടാക്കി.

രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും. കല്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. വാഹനങ്ങളുടെ രൂപമാറ്റം വരുത്തി അമിതഭാരം കയറ്റുന്നതും മതിയായ ചരക്കുസേവനനികുതി അടയ്ക്കാതെയും ജിയോളജി പാസില്ലാതെ ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവരുന്നതായും വിജിലൻസ് സംഘം പരിശോധനയിൽ കണ്ടെത്തി.

പോയ വര്‍ഷങ്ങളിലും വിജിലൻസ് ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ നടത്തിയിട്ടുണ്ട്. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ മാത്രമല്ല, ജിഎസ്‍ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

അമിതഭാരം കയറ്റി പോകുന്നതിനായി വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടോ എന്നതും വിജിലൻസിന്‍റെ പരിശോധനാ പരിധിയില്‍ വരുന്നതാണ്. ഇങ്ങനെയുള്ള സംഭവങ്ങളും മുൻകാലങ്ങളില്‍ വിജിലൻസ് കണ്ടെത്തിയിട്ടുള്ളതാണ്.

Tags:    

Similar News