ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകൻ:  കെ.സി വേണുഗോപാൽ

Update: 2024-07-18 11:40 GMT

ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്.

കോൺഗ്രസ് മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. തിരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ സുതാര്യമായ ജീവിതവും മരണവുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

2004-06 കാലയളവിൽ ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ അംഗമായിരിക്കാൻ ലഭിച്ച അവസരം ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയെ ആഴത്തിലറിയാനുള്ള ദിനങ്ങളായിരുന്നു. അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായി മാസങ്ങൾക്കുള്ളിലാണ് സുനാമിയെന്ന അസാധാരണ ദുരന്തത്തെ കേരളത്തിനു നേരിടേണ്ടി വന്നത്.

അത്രയും ഭീകരമായ ഒരു സാഹചര്യത്തെ അന്നുവരെ നേരിടേണ്ടി വന്ന പരിചയമില്ലാതിരുന്നിട്ടും ഒരു നിമിഷം പോലും പരിഭ്രമിക്കാതെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് തകർന്നടിഞ്ഞുപോയ ഒരു ജനതയെ നെഞ്ചോടുചേർത്ത് ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് മാതൃക കാട്ടിയ സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേത് എന്ന് നേരിൽക്കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാംഗമെന്ന നിലയിൽ ഞാൻ വഹിച്ചിരുന്ന ടൂറിസം- ദേവസ്വം വകുപ്പുകളിൽ പൂർണസ്വാതന്ത്ര്യവും വികസന പ്രവർത്തനങ്ങളിലടക്കം നിർലോഭമായ പിന്തുണയും അദ്ദേഹം നൽകിയിരുന്നു. ആ നേതൃഗുണവും പരിചയസമ്പത്തും കരുതലും ഇന്നും കേരളം ആവശ്യപ്പെടുന്ന കാലമാണ്. പക്ഷേ ബാക്കിയുള്ളത് അദ്ദേഹത്തിന്റെ ഓർമകൾ മാത്രമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Tags:    

Similar News