'എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല': ​ വെള്ളാപ്പള്ളി

Update: 2024-07-24 06:35 GMT

എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് തോന്നിയെങ്കിൽ സന്തോഷമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാവുന്നത്. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്.

എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം. എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയുമായാണ് ഇന്ന് വെള്ളാപ്പള്ളി എത്തിയത്. 

എന്തുകൊണ്ട് വോട്ട് പോയെന്ന് സിപിഎം പരിശോധിക്കണം. പ്രശ്നാടിസ്ഥാനത്തിൽ വിഷയങ്ങൾ പറയുമ്പോൾ കാവി വത്കരിക്കുകയാണ്. ഇടതു പക്ഷം ഇത്രയും തോറ്റതിന് കാരണം അവർ സാധാരണക്കാരെ മറന്നു പോയതാണ്. മുസ്ലിം സമുദായത്തിന് എന്തെല്ലാം ചെയ്തു. പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്തു. എന്തെങ്കിലും കിട്ടിയോ. എസ്എൻഡിപിയെ കാവിവൽക്കരിക്കാനോ ചുവപ്പ് പുതപ്പിക്കാനോ താനില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു. തെരുവ് യുദ്ധത്തെയാണ് എതിർത്തത്. അന്ന് ബിജെപി തന്നെ കമ്മ്യൂണിസ്റ്റാക്കി. ഗോവിന്ദനും താനും തമ്മിൽ ഒരു തർക്കവുമില്ല. എന്റെ കുടുംബത്തെ നന്നാക്കാൻ ഇവർ ആരും നോക്കണ്ട. നിലപാടിൽ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോൾ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

എവിടെയും മുസ്ലിങ്ങളെ പേടിച്ചാണ് ജനങ്ങൾ ജീവിക്കുന്നത്. മസിൽ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്റ്റ്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തത്. ഇടതുപക്ഷ മനോഭാവമാണ് എന്നും. ബിജെപി ഒരു ഘട്ടത്തിലും വേണ്ട അംഗീകാരം നൽകുന്നൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Similar News