തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണ്; കെഎഫ്‌സി അഴിമതിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി സതീശൻ

Update: 2025-01-03 11:38 GMT

കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ ധനമന്ത്രി തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണ്. നിയമവിരുദ്ധമായതാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നും ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഡയറക്ടർ ബോർഡ് യോഗം ചേർന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഡയറക്ടർ ബോർഡിൻ്റെ അനുമതിയില്ലാതെ നിക്ഷേപം നടത്തിയത് നിയമ ലംഘനമാണ്. ഈ നിക്ഷേപം അനിൽ അംബാനിയുടെ കമ്പനികൾ പൊളിയുന്ന കാലത്താണ് നടത്തിയത്. ആർസിഎൽ എന്ന മാതൃ കമ്പനി പൊളിഞ്ഞപ്പോൾ അനിൽ അംബാനി ആർസിഎഫ്എൽ എന്ന അടുത്ത കമ്പനിയുണ്ടാക്കി. ഈ മുങ്ങിക്കൊണ്ടിരുന്ന കമ്പനിയിൽ ബോർഡ്‌ യോഗം പോലും ചേരാതെ നിക്ഷേപം നടത്തിയതിനു ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ തോമസ് ഐസക് മറുപടി നൽകിയില്ലെന്നും ഇപ്പോൾ പരസ്യമായി ആരോപണം ഉന്നയിച്ചപ്പോഴാണ് ന്യായീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.ഡബിൾ A+ ഉള്ള കമ്പനി എന്നാണ് മുൻ ധാനമന്ത്രിയും ഇപ്പോഴത്തെ ധന മന്ത്രിയും പറയുന്നത്. ഇവർക്ക് രണ്ടു പേർക്കുമാണ് ഡബിൾ A+ കൊടുക്കേണ്ടത്. മനഃപൂർവം നടത്തിയ നിക്ഷേപമാണ്.

ഏത് തരം അന്വേഷണമാണ് നടത്താൻ പോകുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ചില പാർട്ടി ബന്ധുക്കളാണ് ഈ അഴിമതിക്ക് പിന്നിൽ. കെഎഫ്‌സിയുടെ വാർഷിക റിപ്പോർട്ടിൽ പോലും നിക്ഷേപിച്ച കമ്പനി ഏതെന്നു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News