'ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്'; വിഡി സതീശൻ
ഏക സിവിൽ കോഡിൽ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ബിജെപിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്ലീം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഏക സിവിൽ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ൽ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കിൽ അത് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിവിൽ കോഡ് സംബന്ധിച്ച് കോൺഗ്രസിന് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. സമരം എങ്ങനെ വേണം എന്ന കാര്യത്തിലേ തീരുമാനം വേണ്ടിയിരുന്നുള്ളു. ഏക വ്യക്തി നിയമം ഇപ്പോൾ വേണ്ട, അത് നടപ്പാക്കാൻ സമൂഹം പാകമായിട്ടില്ല. തിരുത്തൽ ആവശ്യമെങ്കിൽ അത് ഉയർന്ന് വരേണ്ടത് അതാത് സമൂഹത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടിൽ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക് പറഞ്ഞു. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. 12-07-1985-ൽ ഇഎംഎസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു.''മുസ്ലിം ജനതയിൽ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രശ്‌നമാണ് പൊതു സിവിൽ നിയമമെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. മുസ്ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പിൽ വരുത്തുന്നതു ബുദ്ധിപൂർവ്വമായിരിക്കില്ലെന്നു കേന്ദ്ര ഗവൺമെൻറ് തീരുമാനിച്ചതിനോട് ഞങ്ങൾക്ക് യോജിപ്പാണുള്ളത്- ഐസക് ഫേസ്ബുക്കിൽ കുറിച്ചു.