ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; 'പിരിവ്' മറയ്ക്കാനുള്ള ശ്രമമാണ് ഈ കേസ് ; വി.ഡി.സതീശൻ

Update: 2023-06-10 08:02 GMT

പറവൂർ മണ്ഡലത്തിലെ 'പുനർജനി' പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ 'പിരിവ്' മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് സതീശൻ പരിഹസിച്ചു.

'വിജിലൻസ് അന്വേഷണത്തിന് നിയമസഭയിൽ വെല്ലുവിളിച്ചത് ഞാൻ തന്നെയാണ്. പരാതിയിൽ കഴമ്പില്ലാത്തതിനാൽ മൂന്നു കൊല്ലം മുൻപ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. യുഎസിൽനിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ പേടിച്ചു പോയെന്ന് പറയണം. ഞാൻ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കൽ ക്ലിയറൻസ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്''- അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പടയൊരുക്കമെന്ന് വാർത്ത കൊടുത്തത് തന്റെ നേതാക്കളെന്നും സതീശൻ പറഞ്ഞു. ''വിജിലൻസ് കേസും പാർട്ടിയിലെ പടയൊരുക്കവും തമ്മിൽ ബന്ധമുണ്ടന്ന് കരുതുന്നില്ല. അവർ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല. മുതിർന്ന നേതാക്കൾ നിരാശരായപ്പോഴാണ് നേതൃത്വം ഞങ്ങളിലേക്ക് എത്തിയത്. നീതി പൂർവമായിരുന്നു ഓരോ ചുവടും. നേതൃത്വത്തിന് ചില മുൻഗണനകളുണ്ട്. കോൺഗ്രസിൽ എല്ലാവരും ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ഇത് അനുകൂല സാഹചര്യമാണ്. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ല. പ്രവർത്തകരുടെ പിന്തുണയുണ്ട്''- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെ ഫോണിനായി ഉപയോഗിച്ചിരിക്കുന്നത് ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

'കെ ഫോണിനായി ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കെ ഫോണിന്റെ എംഡി പറഞ്ഞത് ഗുഡ്ഗാവിൽ നിർമിക്കുന്ന എൽഎസ് കേബിൾസിന്റെയും ചെന്നൈയിൽ നിർമിക്കുന്ന സ്റ്റെറിലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതല്ല കെ ഫോൺ എംഡി പറയുന്നത്. എന്നാൽ പിന്നെ എംഡിയ്‌ക്കെതിരെ നടപടി എടുക്കൂ. ചൈനീസ് കേബിളിന് നിലവാരം കുറവാണോ എന്ന് രാകേഷ് ചോദിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിക്കരുത് എന്ന് ഞങ്ങളല്ല കെ ഫോണിന്റെ പാർട്ട്ണറായ കെഎസ്ഇബിയാണ് പറഞ്ഞത്. ചൈനീസ് കേബിൾ വരുത്തിയിട്ട് എൽഎസ് കേബിളിന്റെ ലേബൽ ഒട്ടിച്ച് കൊടുക്കുകയാണ്. വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇന്ത്യൻ നിർമിത കേബിൾ തന്നെ ഉപയോഗിക്കണമെന്നുള്ളത് സർക്കാർ തന്നെ വച്ചിരിക്കുന്ന നിബന്ധനയാണ്. എന്നിട്ട് ഇപ്പോഴും ന്യായീകരിക്കുകയാണ്.'- വി ഡി സതീശൻ പറഞ്ഞു.

Tags:    

Similar News