മാസപ്പടി അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് സതീശൻ; പ്രതീക്ഷയില്ലെന്ന് മാത്യു കുഴൽനാടൻ

Update: 2024-10-13 10:16 GMT

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്എഫ്ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ്  വിഡി. സതീശൻ. സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  

എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ  പോകുന്നില്ല. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണ്. കൊടകര  കുഴൽപ്പണ കേസിലും മഞ്ചേശ്വരം കേസിലും സുരേന്ദ്രനെ രക്ഷിച്ചെടുത്തു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിന് ലഭിക്കും. ഇത് വരെ നടന്ന എല്ലാ കേസിലും അന്വേഷണം പ്രഹസനം ആയിരുന്നു. അത് ഇനിയും ആവർത്തിക്കുമെന്നും സതീശൻ കുറ്റപ്പെടുത്തി.   

എസ്എഫ്ഐഒ  വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ലെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാൻ വേണ്ടിയുളളതാണ്. കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി  അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്ഐഒ  അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ്  പറഞ്ഞത്.  ഹൈക്കോടതി വിധി പറഞ്ഞിരുന്നാൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    

Similar News