'മലപ്പുറം പരാമർശം ഡൽഹിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാൻ'; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരാമർശം എന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. ഡൽഹിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമെന്നും മുഖ്യമന്ത്രി നടത്തുന്നത് ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും വിഡി സതീശൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു.
സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണ്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡൽഹിയിൽ വച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ദേശവിരുദ്ധ പ്രർത്തനങ്ങൾക്ക് സ്വർണക്കടത്തിലൂടെ പണം ലഭിച്ചെങ്കിൽ അവർക്കെതിരെ എന്ത് നടപടിയാണ് സംസ്ഥാന സർക്കാരും പൊലീസും സ്വീകരിച്ചതെന്നും പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
മുഖ്യമന്ത്രി പറയുന്നത് ശരിയെങ്കിൽ അത് ഗൗരവ സ്വഭാവമുള്ളതാണ്. അങ്ങനെയെങ്കിൽ ഇത്രനാളും ഇക്കാര്യം മറച്ചുവച്ചതെന്തിന്? ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മാത്രം നൽകി ഒതുക്കേണ്ട വിഷയമല്ലിത്. സംഘ്പരിവാറുമായി മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുള്ള അവിശുദ്ധ ബാന്ധവം പ്രതിപക്ഷം തുറന്നു കാട്ടിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ വരുന്നത്. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള പരിചയായി മാത്രമെ മുഖ്യമന്ത്രിയുടെ പരാമർശത്തെ കാണാനാകൂ.
സ്വർണക്കള്ളക്കടത്തുകാരുടെ പറുദീസയായി കേരളം മാറുന്നുവെന്ന അടിയന്തര പ്രമേയത്തിന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അവതരണാനുമതി തേടിയത് ഞാനാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ്ണത്തിൽ നിന്നുള്ള നികുതി വെട്ടിപ്പിനെ കുറിച്ച് നിയമസഭയിൽ പലവട്ടം പറഞ്ഞു. സ്വർണക്കടത്തിന് സർക്കാരിന്റെയും സിപിഎമ്മിന്റെയും സഹായമുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. അന്നൊന്നും പറയാതിരുന്ന കാര്യമാണ് മുഖ്യമന്ത്രി ഇന്നലെ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തൽ ശരിയെങ്കിൽ, മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പരാജയം മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞു.