'രാഹുൽ മിടുക്കനായ സ്ഥാനാർഥി, വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചതാണ്'; വിഡി സതീശൻ
കൂടിയാലോചനകൾക്കുശേഷമാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും മികച്ച സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മിടുക്കനായ സ്ഥാനാർഥിയാണെന്നും കോൺഗ്രസിന്റെ സമരനായകനാണെന്നും വി.ഡി സതീശൻ പ്രതികരിച്ചു. പി.സരിൻ ഇത്തരത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വൈകാരികമായി പ്രതികരിക്കരുതെന്ന് അപേക്ഷിച്ചതാണെന്നും പ്രത്യാഘാതം എന്തായാലും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
സ്ഥാനാർഥി പട്ടികയ്ക്കെതിരെ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർ പി.സരിൻ വിമർശനമുന്നയിച്ചതിന് പിന്നാലെ തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
'നമുക്കൊരു നടപടിക്രമമുണ്ട്. അത് അനുസരിച്ചുള്ള എല്ലാ കൂടിയാലോചനകളും പൂർത്തിയാക്കിയാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഞങ്ങൾ എഐസിസിക്ക് അയച്ചുകൊടുത്തത്. അതിൽ തെറ്റ് വരുത്തിയിട്ടില്ല. അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തതാണ്. സ്ഥാനാർഥികൾ ഏറ്റവും മികച്ചവരാണ്.
രാഹുൽ മിടുമിടുക്കനായ സ്ഥാനാർഥിയാണ്. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. യുക്തിപൂർവമായ വാദങ്ങൾകൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ്. സമര നായകനാണ്. ആരും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ചെറുപ്പക്കാർക്കും വനിതകൾക്കും സീറ്റ് കൊടുക്കണമെന്നാണ് പാർട്ടി എപ്പോഴും പറയാറുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പക്ഷേ അത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഒരു അവസരം കിട്ടിയപ്പോൾ അത് പാലിച്ചു. മൂന്ന് പേരും അവരുടെ കഴിവ് തെളിയിച്ചവരാണ്.
വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നതാണ്. പ്രത്യാഘാതം എന്തായാലും നേരിടും. അച്ചടലംഘനത്തെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് പരിശോധിച്ച് പറയും. സരിൻ ആത്മപരിശോധന നടത്തണം. വാർത്താസമ്മേളനം നടത്തിയത് ശരിയോ എന്ന് ചിന്തിക്കണം.' വി.ഡി സതീശൻ വ്യക്തമാക്കി.