ഇ.പി. ജയരാജനെതിരായ ആരോപണം: മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം; വി.ഡി. സതീശന്‍

Update: 2022-12-26 11:09 GMT

ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നേതാക്കള്‍ക്കെതിരായ റിസോര്‍ട്ട്, കള്ളപ്പണം വെളുപ്പിക്കല്‍, കൊട്ടേഷന്‍ വിവാദങ്ങളിലൂടെ സി.പി.എമ്മിലെ ജീര്‍ണത മറനീക്കി പുറത്തു വരികയാണെന്നും സതീശന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല അവ നിഷേധിക്കാനും അവര്‍ തയ്യാറായിട്ടില്ല. അധികാരത്തില്‍ എത്തിയതിന് പിന്നാലെ ആറു വര്‍ഷമായി സി.പി.എമ്മില്‍ നടക്കുന്ന ജീര്‍ണതകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മന്ത്രി ആയിരുന്ന നേതാവ് അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്നത്. മറ്റൊരു നേതാവിന് സ്വര്‍ണക്കടത്ത്, കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്. എസ്.എഫ്.ഐ.- ഡി.വൈ.എഫ്.ഐ. നേതാക്കളുടെ വിക്രിയകള്‍ പുറത്തു വന്നതിന് പിന്നാലെ അത് ഏരിയാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കടന്ന് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തി നില്‍ക്കുകയാണ്, സതീശന്‍ വിമര്‍ശിച്ചു.

റിസോര്‍ട്ടിനെതിരെ കെ. സുധാകരനും കണ്ണൂര്‍ ഡി.സി.സിയും നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. റിസോര്‍ട്ടിനെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ സി.പി.എം. നേതാക്കള്‍ക്കും അറിയാം. ആരും അറിയാതെയല്ല പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. പരസ്പരമുള്ള ചെളിവാരി എറിയലുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News