ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു; വിഎസ് സുനിൽ കുമാർ
ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നാണ് വിഎസ് സുനിൽ കുമാർ പറഞ്ഞത്.
ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് എടുത്തതാണ്, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചു- വിഎസ് സുനിൽ കുമാർ പറഞ്ഞു.
സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വിവാദമാവുകയായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവച്ചപ്പോൾ ടൊവിനോ വിജയാശംസകൾ നേർന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിൻറെ സ്നേഹത്തിന് നന്ദിയെന്നുമാണ് സുനിൽ കുമാർ കുറിച്ചിരുന്നത്. എന്നാൽ തൻറെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണ്, താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻറ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്വിഇഇപി) അംബാസഡർ ആണെന്നും ടൊവിനോ സമൂഹമാധ്യമത്തിലൂടെ തന്നെ പ്രതികരിച്ചു.