'പെൻഷൻ നൽകാൻ പണമില്ലാത്ത സർക്കാർ പിആർഏജൻസിക്ക് പണം നൽകുന്നു, മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണം': വി. മുരളീധരൻ

Update: 2024-10-03 05:49 GMT

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ പണം ഇല്ലാത്ത സർക്കാറാണ് പിആർ ഏജൻസിക്ക് പണം നൽകുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. കഴിഞ്ഞ 8 വർഷകാലയളവിൽ ഇങ്ങനെ എത്ര തുക ചിലവഴിച്ചു എന്ന് വിശദമാക്കണം. ലക്ഷകണക്കിന് രൂപ ശമ്പളം കൊടുത്ത് പി ആർ ഡി ഉദ്യോഗസ്ഥരെ വെച്ചിരിക്കുന്നത് എന്തിനാണെന്നും അവരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കരൻറെ ശിഷ്യന്മാർ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളത്. കിങ്കരന്മാരെ കൊണ്ട് വിശദീകരിക്കാതെ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണം. സ്വർണക്കടത്ത് കരിപ്പൂരിൽ നടന്നാലും തിരുവനന്തപുരത്ത് നടന്നാലും മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധം ഉണ്ട്. അത് മുഖ്യമന്ത്രി വിശദീകരിക്കണം. രാജ്യദ്രോഹ കുറ്റം നടക്കുന്നു എന്ന് പൊതുവേദിയിലും മാധ്യമങ്ങളിലും അല്ല പറയേണ്ടത്. അതിൽ എന്ത് നടപടി ആണ് എടുത്തത്. ഭൂരിപക്ഷ സമുദായം മാർക്‌സിസ്‌റ് പാർട്ടിയെ കൈവിട്ടു. അവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇത്തരം പി ആർ ഗിമ്മിക്കുകൾ. കഴിഞ്ഞ എട്ട് വർഷം മാർക്‌സിസ്‌റ് പാർട്ടി എടുത്തത് ഭൂരിപക്ഷ സമുദായത്തിനെതിരെയുള്ള നടപടികളാണ്. ശബരിമല മുതൽ തൃശൂർ പൂരം കലക്കൽ വരെ അതിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി വി അൻവർ വിഷയം പഠിച്ചുകൊണ്ട് ഇരിക്കുകയാണ്. ഫോൺ ചോർത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുവാദം നൽകിയിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയിലാണ്. നിയമസഭയിൽ എൽഡിഎഫ്, പാർലമെൻറിൽ യുഡിഎഫ് എന്നതാണ് ധാരണ. വയനാട് ദുരന്തത്തിൽ ധനസഹായം നൽകാതിരിക്കാൻ കേന്ദ്രം അവഗണന കാണിക്കുന്നില്ല. ഒരു പ്രക്രിയയിൽ കൂടി മാത്രമേ അത് നടക്കു. അത് സർക്കാരിന് അറിയാം. ഇക്കാര്യം സർക്കാർ വിശദീകരിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

Tags:    

Similar News