വർക്കല എംഎൽഎയായ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാവും. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി.ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്. നിർണായക യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.
കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിലവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിലെ രീതി അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ജില്ലാ സെക്രട്ടറി പദവി കൈകാര്യം ചെയ്യാറില്ല. എന്നാൽ സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു.