പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി; തോല്‍വിയുടെ ഉത്തരവാദി കെ സുരേന്ദ്രനെന്ന് എന്‍ ശിവരാജൻ

Update: 2024-11-25 06:37 GMT

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെതിരേയും വിമർശനവുമായി ദേശീയ കൗൺസിൽ അം​ഗം എൻ ശിവരാജൻ രം​ഗത്തെത്തി.

തോൽവിയിൽ നേതൃത്വത്തിന്റെ വിലയിരുത്തലുകൾ തള്ളിയാണ് ശിവരാജൻ്റെ വിമർശനം. തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയിൽ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് 6 മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമിൽ ഉറങ്ങൽ അല്ലെന്നും ശിവരാജൻ പറഞ്ഞു.

കൗൺസിലർമാർ അല്ല തോൽവിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാർഡിൽ പോലും ജയിക്കാൻ ആകാത്ത ആൾ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം. തനിക്ക് വസ്തുക്കച്ചവടം ഇല്ലെന്നും ശിവരാജൻ പറഞ്ഞു.

അതേസമയം, തോൽവിയിൽ ഉയർന്ന വിമർശനങ്ങളിൽ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് ബിജെപി കൗൺസിലർമാർ. നഗരസഭ ചെയർമാൻ പ്രമീള ശശിധരൻ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം കൗൺസിലർമാരുടെ തലയിൽ കെട്ടിവെക്കുന്നതിൽ പ്രതിഷേധം അറിയിക്കാനാണ് കൗൺസിലർമാരുടെ തീരുമാനം. സ്വന്തം ഭാര്യയുടെ വാർഡിൽ പോലും വോട്ട് കുറഞ്ഞതെങ്ങനെയെന്നാണ് കൗൺസിലർമാരുടെ ചോദ്യം. 

Tags:    

Similar News