ബജറ്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനമെന്ന് യുഡിഎഫ് എംപിമാർ, ചില നല്ല കാര്യങ്ങളുണ്ടെന്ന് തരൂർ
കേന്ദ്ര ബജറ്റിനെതിരെ യുഡിഎഫ് എംപിമാർ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനമില്ലെന്നും അസംസ്‌കൃത റബ്ബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
നിരാശയുളവാക്കുന്ന ബജറ്റ് എന്നായിരുന്നു മുസ്ലിം ലീഗ് നേതാവും ലോക്‌സഭാംഗവുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടികളില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേകമായ പദ്ധതികൾ ഇല്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർധിപ്പിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം ഉയർത്തിക്കാട്ടി. ന്യൂനപക്ഷങ്ങളെക്കുറിച്ച് ബജറ്റിൽ മൗനം പാലിക്കുകയാണ് കേന്ദ്ര സർക്കാരെന്നായിരുന്നു അബ്ദു സമദ് സമദാനിയുടെ വിമർശനം. യുക്രയ്‌നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്കായി പ്രത്യേക പദ്ധതിയില്ലെന്നതും അദ്ദേഹം വിമർശിച്ചു.
വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രതികരണത്തിലാണ് കേന്ദ്ര ബജറ്റിൽ 2023 ൽ ചില നല്ല കാര്യങ്ങളുണ്ടെന്ന് ശശി തരൂർ എംപി പറഞ്ഞത്. പക്ഷേ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയോ, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയെ പറ്റിയോ, വിലക്കയറ്റത്തെ പറ്റിയോ ബജറ്റിൽ പരാമർശങ്ങളില്ല. ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നും തരൂർ വിമർശിച്ചു.