ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം

Update: 2023-07-15 03:28 GMT

ഏക സിവിൽകോഡ് വിഷയത്തിൽ ലീഗിനെ സഹകരിപ്പിച്ച് പോകാനുള്ള ശ്രമംതുടരാൻ സി.പി.എം. തീരുമാനം. കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ലീഗ് തള്ളിയെങ്കിലും ആ ഉദ്യമം രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.


ലീഗിനെ ക്ഷണിച്ചത് മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ വിശ്വാസം നേടാനും രാഷ്ട്രീയത്തിനതീതമായ ഒരു പ്രതിഷേധനിരയാണ് സി.പി.എം. ലക്ഷ്യമിടുന്നതെന്ന് സ്ഥാപിക്കാനും കഴിഞ്ഞു. ഇക്കാര്യത്തിൽ യു.ഡി.എഫും പ്രത്യേകിച്ച് കോൺഗ്രസുമാണ് പ്രതിസന്ധിയിലായത്. കോൺഗ്രസിന് നേതൃത്വം ഏറ്റെടുക്കാൻ കഴിയാത്ത രാഷ്ട്രീയ പ്രതിസന്ധിയുണ്ടായെന്നും സി.പി.എം. വിലയിരുത്തി.


കോഴിക്കോട്ടെ സെമിനാറിനുശേഷം എല്ലാ ജില്ലകളിലും സമാനരീതിയിലുള്ള പ്രതിഷേധ-പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിലെല്ലാം ലീഗിനെ ക്ഷണിക്കും. ആവർത്തിച്ചുള്ള ക്ഷണം നിരസിക്കുന്നത് ലീഗിനുപോലും പ്രതിസന്ധിയുണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനുള്ളത്. എന്നാൽ, യു.ഡി.എഫ്. നടത്തുന്ന സെമിനാറിലേക്ക് സി.പി.എമ്മിനെ ക്ഷണിച്ചാൽ പങ്കെടുക്കണോ എന്ന കാര്യം സെക്രട്ടേറിയറ്റ് തീരുമാനിച്ചില്ല.


കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരുപരിപാടിയിലും സി.പി.എം. പങ്കാളിയാവില്ല. ഏക സിവിൽകോഡിന്റെ കാര്യത്തിൽ നിലപാടില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന പ്രചാരണത്തിലൂന്നിയാകും സി.പി.എമ്മിന്റെ രാഷ്ട്രീയപ്രചാരണം. ലീഗ് സെമിനാർ നടത്തിയാൽ അതിൽ സി.പി.എം. പങ്കെടുക്കുമെന്ന് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തേ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.


ലീഗിനെ ക്ഷണിച്ചതിലും മുന്നണിയെന്ന രീതിയിലല്ലാതെ സി.പി.എം. ഒറ്റയ്ക്ക് സെമിനാർ നടത്തിയതിലും സി.പി.ഐ.ക്കുള്ള അതൃപ്തി യോഗം ചർച്ച ചെയ്തില്ല. സി.പി.ഐ.യുടെ മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്നുണ്ടെങ്കിലും അവരുടെ പങ്കാളിത്തം സെമിനാറിലുണ്ടെന്നതും കണക്കിലെടുത്തു.




Tags:    

Similar News