വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി പിൻവലിച്ചു; ബാഡ്ജിലെ കാര്യങ്ങൾ വസ്തുത വിരുദ്ധമെന്ന് മന്ത്രി ആന്റണി രാജു

Update: 2023-04-03 09:29 GMT

ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. അഖിലയെ വൈക്കത്ത് നിന്നും പാലായിലേക്കായിരുന്നു സ്ഥലം മാറ്റിയത്. അതേസമയം, അഖില ധരിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

അഖിലക്കെതിരെ കെഎസ്ആര്‍ടിസി എടുത്ത നടപടി സർക്കാർ അറിഞ്ഞിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ  നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാം. മുൻപും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ഉണ്ടായിട്ടുണ്ട്. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നില്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ജനുവരി 11-ാം തീയതി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അഖില നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് സ്ഥലംമാറ്റ ഉത്തരവിലുണ്ടായിരുന്നു.  

Tags:    

Similar News