പരാജയപ്പെട്ടെങ്കിലും പിന്നോട്ടില്ല; വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക്
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ഓഗസ്റ്റ് 11 ന് റാന്നി സെൻറ് തോമസ് കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. സർക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷനാണ്, സ്വകാര്യ കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നത്.
മൈഗ്രേഷൻ കോൺക്ലേവിൽ തുടങ്ങി ജോബ് സ്റ്റേഷനുകൾ വരെ. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുൻകൈ എടുത്ത് പത്തനംതിട്ടയിൽ മാത്രം തുടങ്ങിയ തൊഴിൽദാന പദ്ധതി ഏറെ ചർച്ചയായിരുന്നു. ഇലക്ഷൻ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും പദ്ധതി തുടരുകയാണ്. ഒരുവർഷത്തിനുള്ളിൽ അയ്യായിരം യുവാക്കൾക്ക് തൊഴിൽനൽകുക ലക്ഷ്യം.
ഇതുവരെ 666 പേർക്ക് വിജ്ഞാന പത്തനംതിട്ട വഴി തൊഴിൽനൽകിയെന്ന് സംഘാടകർ പറഞ്ഞു. ഓഗസ്റ്റ് 11 ന് റാന്നിയിൽ നടക്കുന്ന മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാൻ നോളജ് മിഷൻറെ DWMS എന്ന പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.