ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം ഉറപ്പിക്കാൻ ഉള്ള ഉചിതമായ തീരുമാനം ഉണ്ടാക്കും. വെർച്വൽ ക്യൂ ആധികാരികമായ രേഖയാണ്. സപ്പോർട്ട് ബുക്കിംഗ് കൂടി വരുന്നത് ആശാസ്യമായ കാര്യമല്ല. സ്പോട്ട് ബുക്കിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വെർച്ചൽ ക്യൂവിലേക്ക് വരുമോ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ചോദിച്ചു.
വിശ്വാസികളുടെ സുരക്ഷ പ്രധാനമാണ്. വരുമാനം മാത്രം ചിന്തിച്ചാൽ പോര, ഭക്തരുടെ സുരക്ഷയും പ്രധാനമാണ്. പലവഴിയിലും അയ്യപ്പന്മാർ എത്തുന്നുണ്ട്. വരുന്നവരെ കുറിച്ച് ആധികാരിക രേഖ വേണം. നല്ല ഉദ്ദേശത്തോടെയാണ് വെർച്ചൽ ക്യൂ മാത്രമാക്കുന്നതെന്നും ദേവശ്വം ബോർഡ് വിശദീകരിച്ചു.