'ദേശീയ ദുരന്തം' എന്നൊന്ന് കേന്ദ്രചട്ട പ്രകാരം ഇല്ല; വിവാദങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് വി മുരളീധരൻ

Update: 2024-08-04 08:42 GMT

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല. അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നത്. പക്ഷേ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ''ദേശീയ ദുരന്തമായി '' പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ഈ ഘട്ടത്തിലും ഉന്നയിക്കുന്നു.'ദേശീയ ദുരന്തം' എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ല. 2013 ഓഗസ്റ്റ് ആറിന് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ലോക്സഭയില്‍ വ്യക്തമാക്കിയതാണ്. യുഡിഎഫ് എം.പിമാരടക്കം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്നും വി.മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദേശീയ ദുരന്തമെന്ന തലക്കെട്ടില്ല, പക്ഷേ ഓരോന്നിനെയും തീവ്രതയനുസരിച്ച് കൈകാര്യം ചെയ്യുകയാണ് രീതി. അതത് സര്‍ക്കാരുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കും.

അപകടമുണ്ടായ ഉടന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രിയെ നേരില്‍ വിളിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ ദുരന്തസമയത്ത് അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കരുത് എന്നും വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News