സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി കൊച്ചിയിൽ എത്തിയത് ശനിയാഴ്ച, പ്രതിയുടെ ഭാര്യ നാട്ടിൽ പഞ്ചായത്ത് പ്രസിഡൻറ്

Update: 2024-04-22 06:48 GMT

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളൻ കൊച്ചിയിൽ എത്തിയത് ശനിയാഴ്ചയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ. പനമ്പള്ളി നഗറിൽ മറ്റു മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടാവിനെ 15 മണിക്കൂറിനുള്ളിൽ പിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദ് ആണ് പ്രതി. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഗുൽഷൻ ആണ് ഇർഷാദിൻറെ ഭാര്യയെന്ന് പൊലീസ് പറഞ്ഞു.

ആറോളം സംസ്ഥാനങ്ങളിലായി ഇർഷാദിനെതിരെ 19 കേസുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. അതേസമയം കർണാടകയിൽ നിന്ന് പ്രതിയെ പിടികൂടുന്നതിന് കർണാടക പൊലീസും തങ്ങളെ ഏറെ സഹായിച്ചുവെന്നാണ് കേരള പൊലീസ് പറയുന്നത്. രമൺ ഗുപ്ത ഐപിഎസ് ആണ് കർണാകയിലെ കാര്യങ്ങൾ കോ-ഓർഡിനേറ്റ് ചെയ്തതെന്നും അന്വേഷണം സംഘം പറയുന്നു.

ജോഷിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച എല്ലാം പൂർണമായും കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. പ്രതി മുംബൈയിലേക്കുള്ള യാത്രയിലായിരിക്കെയാണ് പിടിയിലാകുന്നത്. ആരെങ്കിലും പ്രതിക്ക് നാട് വിടാൻ അടക്കം സഹായം നൽകിയോ എന്നതും പൊലീസ് അന്വേഷിക്കും.

വെള്ളിയാഴ്ച രാത്രിയാണ് കവർച്ച നടക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ-വജ്രാഭരണങ്ങളാണ് ജോഷിയുടെ വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിൻറെ മുഖം പതിഞ്ഞതും, സമീപപ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വാഹനത്തെ കുറിച്ച് സൂചന കിട്ടിയതും ആണ് അന്വേഷണത്തിൽ നിർണായകമായത്.

Tags:    

Similar News