സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കേരളപ്പിറവിക്ക് അനുവദിച്ചത് 27.12 കോടി രൂപ

Update: 2023-10-15 05:30 GMT

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്നതിനിടെ കേരളീയം പരിപാടിക്കായി 27 കോടി 12 ലക്ഷം അനുവദിച്ച് സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ കിഫ്ബിയിൽ നിന്ന് വരെ പണമെടുത്താണ് തുക ചെലവഴിക്കുന്നത്. ഇതിന് പുറമെ സ്പോൺസര്‍മാരിൽ നിന്ന് പണം വാങ്ങി പരിപാടി വിജയിപ്പിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.

കേരളത്തിന്റെ പാരമ്പര്യവും വികസന നേട്ടങ്ങളുമെല്ലാം പറയുന്നുണ്ടെങ്കിലും കേരളീയം പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന് പറയുന്ന മുന്നേറ്റമാണ്. കേരളീയത്തിന് മുന്നോടിയായി 27 കോടി 12 ലക്ഷം രൂപ ഇനം തിരിച്ച് അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവിറങ്ങിയത്. ഏറ്റവും അധികം തുക വകയിരുത്തിയത് പ്രദര്‍ശനത്തിനാണ്- 9.39 കോടി. പരിപാടിയുടെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി 97 ലക്ഷംവും പബ്ലിസിറ്റിക്കായി 3 കോടി 98 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

സ്റ്റേജ് നവീകരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കിഫ്ബി ഫണ്ടിൽ നിന്ന് വരെ കേരളീയത്തിന് വിഹിതം കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാം കമ്മിറ്റിയും 14 സബ് കമ്മിറ്റികളും ചേർന്നാണ് സംഘാടനം. ആദ്യം അനുവദിച്ച തുക പ്രാരംഭ ചെലവുകൾക്ക് മാത്രമാണ്. പരിപാടി ഗംഭീരമാക്കാൻ സ്പോൺസർമാരെ കണ്ടെത്തി പണം വാങ്ങാനും മറ്റ് ചെലവ് അതാത് വകുപ്പുകൾ കണ്ടെത്താനും സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. തലസ്ഥാനത്ത് മാത്രമായി നവംബർ ഒന്ന് മുതൽ ഏഴ് വരെ കൊണ്ടാടുന്ന കേരളീയത്തിന് വേണ്ടി ഇത്രധികം തുക ചെലവഴിക്കുന്നതിൽ മന്ത്രിമാര്‍ മുതൽ വകുപ്പ് തലവൻമാർ വരെയുള്ളവർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

Tags:    

Similar News