കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാൻ നീക്കം. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി ഇവരെ തല്ലിച്ചതച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐ യുമായി ഉണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. എഎസ്ഐ ഷർട്ടിൽ പിടിച്ചു കീറിയെന്ന പരാതി പറയാൻ സൈനികൻ വനിത എസ്.ഐയുടെ അടുക്കൽ എത്തുകയായിരുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ. മക്കളുടെ ജീവിതം തകർത്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ അമ്മയുടെ ആവശ്യം.