സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും.
തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തും. കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്ന് തുടങ്ങും.
പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങ് രാവിലെ പത്തരയോടെ നടക്കും. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് കലാമേളയ്ക്ക് തിരി തെളിയുന്നത്.