ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം; കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ നീക്കം
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാൻ നീക്കം. കേരള കോൺഗ്രസ് എം നേതൃത്വവുമായി അനൗപചാരിക ചർച്ച നടത്തി. മുസ്ലിം ലീഗാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കേരള കോൺഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ മാണിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഐഎമ്മിനൊപ്പമാണ്.
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്ക് രമേശ് ചെന്നിത്തലയും മുൻകൈ എടുക്കും. വിഷയം ചർച്ച ചെയ്യാൻ രമേശ് ചെന്നിത്തല കേരള കോൺഗ്രസ് എം നേതാക്കളെ കണ്ടേക്കും. ജോസ് കെ മാണിയുമായി രമേശ് ചെന്നിത്തല ആശയവിനിമയം നടത്തും.
വനനിയമ ഭേദഗതി സംബന്ധിച്ച് കേരള കോൺഗ്രസ് എം നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്ത് കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങൾക്കും കർഷകർക്കും ഉള്ള ആശങ്ക കേരള കോൺഗ്രസ് എമ്മിന് അവഗണിക്കാൻ കഴിയുന്നതല്ല.
വനനിയമ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ചത് കേരള കോൺഗ്രസ് എം ഗൗരവമായാണ് എടുത്തിരിക്കുന്നത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അതൃപ്തി കേരള കോൺഗ്രസ് എം ഇടതുമുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.