മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട ശേഷം സദസ്സില്‍ കയറി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ആലിംഗനം ചെയ്തയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പാപ്പനംകോട് സ്വദേശി അയൂബ് ഖാനെതിരെയാണ് കേസെടുത്തത്. രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം.
പരിപാടി തുടങ്ങും മുമ്ബേ ഇദ്ദേഹം സദസ്സിലെത്തി പ്രമുഖര്‍ക്കായി റിസര്‍വ് ചെയ്തിരുന്ന സീറ്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥലത്തെത്തും മുമ്ബ് പൊലീസെത്തി ഇയാളെ പിന്നിലേക്ക് പറഞ്ഞയച്ചു. ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി വേദി വിട്ടപ്പോഴായിരുന്നു മറുവശത്തുകൂടി ഇയാള്‍ വേദിയിലേക്ക് കയറിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ആലിംഗനം ചെയ്തു.
സമീപത്തുണ്ടായിരുന്ന എം.എല്‍.എ വി.കെ. പ്രശാന്തിന് ഹസ്തദാനം നല്‍കിയാണ് വേദിവിട്ടത്. ഇതോടെയായിരുന്നു പൊലീസ് ഇടപെടല്‍. മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, തന്നെ ഒന്നും ചെയ്യരുതെന്നും താന്‍ പാര്‍ട്ടിക്കാരനാണെന്നും ഇയാള്‍ ഉച്ചത്തില്‍ വളിച്ചു പറയുന്നുണ്ടായിരുന്നു.
അയൂബ് ഖാനെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു. അതേസമയം പൊലീസിന്‍റെ ഭാഗത്ത് സുരക്ഷ വീഴ്ചയുണ്ടായതായി ഇന്‍റലിജൻസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.